മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന് വത്തിക്കാനിൽ മലയാളഗാനവും

വത്തിക്കാനിൽ വിശുദ്ധ പ്രഖ്യാപന ചടങ്ങിനിടെ മലയാളഗാനങ്ങളാലപിച്ചത് ഫാ.ബിനോജ് മുളവരിക്കലിന്‍റെ നേതൃത്വത്തിലുള്ള 65 അംഗ സംഘമാണ്

Oct 20, 2021 - 13:32
 0  35
മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന് വത്തിക്കാനിൽ മലയാളഗാനവും
വത്തിക്കാൻ: 10 വൈദീകര്‍, 15 സിസ്റ്റേഴ്സ്, 10 കുട്ടികള്‍, യുവതീയുവാക്കളും മുതിര്‍ന്നവരുമായി 30പേര്‍ അങ്ങനെ 65 പേരുടെ ഗായകസംഘം. ഒക്ടോബർ 13ന് വത്തിക്കാനിൽ നടന്ന പ്രത്യേക ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിൽ രണ്ടരമാസം നീണ്ട പരിശീലനത്തിനുശേഷം അവര്‍ മലയാളത്തിൽ ആ മധുരഗാനം ആലപിച്ചു. Also Read: 'മറിയം ത്രേസ്യ, നീ മറിയത്തിൻ ത്രേസ്യ പ്രാര്‍ത്ഥിക്കണമേ, നിൻ മക്കള്‍ക്കായി നിത്യം...ക്രൂശിതന്‍റെ സ്നേഹിതേ മറിയം ത്രേസ്യായേ തിരുഹൃദയത്തിൻ തോഴിയേ മറിയം ത്രേസ്യായേ' എന്ന കോറസ് പാട്ടും 'ഭാരത സഭതൻ പ്രഭയാം കേരള മണ്ണിൻ കൃപയാം പുത്തൻചിറതൻ മകളാം വാഴുക നീ' എന്നു തുടങ്ങുന്ന പാട്ടുമാണ് ഇവർ വത്തിക്കാനിൽ ആലപിച്ചത്. വിശുദ്ധ പ്രഖ്യാപന ചടങ്ങുകളുടെ പ്രാരംഭമായുള്ള പ്രദക്ഷിണ സമയത്താണ് മലയാളത്തിന്‍റെ അഭിമാനമായി ഈ ഗാനാലാപനം നടന്നത്. ഫാ.ബിനോജ് മുളവരിക്കലും സഹായി ഡെൽറ്റസും ചേര്‍ന്നാണ് ക്വയറിന് പരിശീലനം നൽകിയത്. അങ്കമാലി താബോര്‍ ഇടവകയിൽ നിന്നുള്ള വൈദികനാണ് ഫാ.ബിനോജ്. ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് അദ്ദേഹമാണ്. 2008 ഒക്ടോബര്‍ 12ന് അല്‍ഫോൻസാമ്മയെ വിശുദ്ധയാക്കിയ ചടങ്ങിലും അന്ന് ബ്രദറായിരുന്ന ബിനോജ് മുളവരിക്കൽ ഗാനമൊരുക്കിയിരുന്നു. സംഗീതം പ്രൊഫഷണലായി പഠിച്ചിട്ടില്ലാത്ത ഫാ.ബിനോജ് നിരവധി ഭക്തിഗാന ആൽബങ്ങള്‍ ഇതിനകം ഇറക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ഇറ്റലിയിൽ ഉപരിപഠനം നടത്തുകയാണദ്ദേഹം. വത്തിക്കാനിൽ ആലപിച്ച ഈ ഗാനങ്ങള്‍ സ്കറിയ, എബിൻ പള്ളിച്ചൻ എന്നിവർ പശ്ചാത്തലസംഗീതം നൽകി പിന്നണി ഗായകരായ കെസ്റ്ററും എം.ജി ശ്രീകുമാറും ആലപിച്ച് യൂട്യൂബിൽ പുറത്തിറക്കിയിട്ടുമുണ്ട്. തിരുക്കച്ച, ക്രൂശിതനെ ഉത്ഥിതനെ, ഉത്ഥിതനെ സ്നേഹിതനേ തുടങ്ങിയ ഭക്തിഗാന ആൽബങ്ങൾ ഫാ.ബിനോജ് ഒരുക്കിയിട്ടുണ്ട്. എറണാകുളം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ യുവതീയുവാക്കൾക്കായുള്ള എബൈഡ് ധ്യാനം നയിച്ചതിലൂടെ ശ്രദ്ധേയനുമാണ് അദ്ദേഹം.

like

dislike

love

funny

angry

sad

wow